2009, ജൂലൈ 19, ഞായറാഴ്‌ച

ഹരിതചിത്രങ്ങള്‍ -3 -ചില കഥയില്ലായ്മകള്‍
ഒഴിവു കാലത്തെ ഏറ്റവും ആസ്വാദ്യകരമായ നിമിഷങ്ങളിലോന്നായ താമസിച്ചുണരുക എന്ന പ്രീയവിനോദത്തില്‍ തടസമായി വന്നത് അച്ഛന്റെ ശബ്ദമാണ് ."പെട്ടന്നെഴുന്നേല്ക്കെടാ, ശശി മരിച്ചു" ഉറക്കച്ചെവിടില്‍ ഞാന്‍ വ്യക്തമായോന്ന്നും മനസിലായില്ല .ഏതു ശശി ? എന്റെ ചോദ്യത്തിന് പെട്ടന്ന് തന്നെ മറുപടി വന്നു .എടാ പടിഞ്ഞാട്ടെലെ ശശി ....ഓ, ശശി മാമന്‍ !!.ഞാന്‍ അറിയാതെ കിടക്കയില്‍ നിന്നെണീറ്റു പോയി .അമ്മയും അച്ഛനും പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് .ഒന്നു മുഖം കഴുകി എന്നുവരുത്തി ഞാനും റെഡിയായി . അമ്മയുടെ മുഖത്താണ് ഏറെ വിഷമം .അമ്മയ്ക്ക് ഞങ്ങളുടെ നാട്ടില്‍ രക്തബന്ധമുള്ള ഏക വ്യക്തി ശശിമാമന്റെ അമ്മയാണ്.വിവാഹശേഷം അച്ഛന്റെ തറവാടായ ഞങ്ങളുടെ വീട്ടില്‍ എത്തിയ നാള്‍ മുതല്‍ എന്ത് വിഷമഘട്ടത്തിലും ഓടിയെത്തിയിരുന്നത് ശശിമാമന്റെ അമ്മയാണ്.നാട്ടില്‍ അവര്‍ക്കും അമ്മയോടുള്ള അടുപ്പം മറ്റാരോടുമില്ലായിരുന്നു എന്ന് പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്.ഒരു മണിക്കൂറോളം യാത്രയുണ്ട് ശശി മാമന്റെ വീട്ടിലേക്ക്.യാത്രക്കിടയില്‍ ആരും ഒന്നും മിണ്ടിയില്ല .അസുഖകരമായ ആ നിശബ്ദത ദുഖത്തിന്റെ ആഴംകൂട്ടികൊണ്ടിരിക്കെ ഞാന്‍ വെളിയിലേക്ക് നോക്കിയിരുന്നു.പെട്ടന്ന് മനസിലേക്ക് ഓടിവന്ന ചിത്രം നാട്ടിലെ എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വളരെ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രമാണ്.സ്ഥിരമായി മലയാളനാട്,കലാകൌമുദി വായിക്കുകയും, ഫിലിം സോസൈടി പ്രവര്‍ത്തനങ്ങളിലൂടെ ഞങ്ങളുടെ സ്കൂളില്‍ ചലച്ചിത്ര പ്രദര്‍ശനം , വഴിവെട്ട് ,ഓടനിരത്തല്‍ തുടങ്ങി എന്ത് പ്രവര്‍ത്തിയും ചെയ്യാന്‍ സന്നദ്ധരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ;അവര്‍ക്ക് മുന്നിലായി എപ്പോഴും മാമാനുണ്ടാവും .എന്നെ വായനയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോയതും;ഇഷ്ടഎഴുത്തുകാരെ കുറിച്ച് പറഞ്ഞു തന്നതും ഇന്നലെപോലെ തോന്നിച്ചു. വളരുമ്പോള്‍ ഞാനും ഇതുപോലെയാവുമെന്നു മനസ് കൊണ്ട് തീരുമാനിച്ച ദിവസങ്ങള്‍. ഞങ്ങളുടെ പ്രായതിലുള്ളവര്‍ക്ക് പെട്ടന്ന് വളരണം എന്നു പ്രാര്‍ത്ഥിപ്പിക്കാന്‍ പ്രേരിപ്പിച്ച ദിവസങ്ങളായിരുന്നു അവ.
അക്കാലത്ത് തന്നെയാണ് മാമന്റെ പ്രണയബന്ധം പുറത്തു വന്നതും; അടുത്തുതന്നെയുള്ള, കൂടെ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടി .രണ്ടു പേരുടേയും കുടുംബങ്ങളുടെ സാമ്പത്തിക അന്തരമാണ് ആദ്യം വില്ലനായെത്തിയത്.പക്ഷെ മാമന്റെ കടും പിടുത്തത്തില്‍ വീട്ടുകാര്‍ മുട്ടുമടക്കി .ഒറ്റ മകന്‍ എന്ന ഒരു ബലഹീനതയും സഹായിചിട്ടുണ്ടാവണം.ആചാരങ്ങള്‍ മുറുകെ പിടിച്ചിരുന്ന രണ്ടു വീട്ടുകാരും ജാതക പൊരുത്തം പരിശോധിപ്പിച്ചപ്പോഴായി രണ്ടാം കടമ്പ.പൊരുത്തങ്ങള്‍ തുലോം കുറവ്. അവിടെയും മാമനും പ്രണയിനിയും വിപ്ലവകാരികളായി.അവസാനം വിവാഹം നടന്നു.കുടംബജീവിതത്ത്തിലേക്ക് കാലെടുത്തു വച്ചപ്പോഴാണ് നഷ്ടപ്പെട്ട് പോയ ദിവങ്ങലെക്കുരിച്ചു ഓര്മ വന്നതെന്ന് മാമന്‍ പിന്നീടൊരിക്കല്‍ പറഞ്ഞിരുന്നു. ജീവിത യാഥാര്‍ദ്യങ്ങളാണ് ദില്ലിയിലേക്ക് ട്രെയിന്‍ കയറാന്‍ പ്രേരിപ്പിച്ചത് .പിന്നീട് കുറെക്കാലം മാമനും മാമിയും ദില്ലിയിലായിരുന്നു.ഏതോ സ്വകാര്യസ്ഥാപനത്തില്‍ മോശമല്ലാത്ത ജോലി യാണെന്ന് പറഞ്ഞു കേട്ടിരുന്നു . ഒരു മകളും ജനിച്ചു .കുട്ടിക്ക് സ്കൂളില്‍ പോകാനുള്ള പ്രായമായപ്പോഴാണ് ഞങ്ങള്‍ പിന്നീട് മാമിയെ കാണുന്നത്.മാമിയുടെ കുടുംബം സ്കൂളിന്റെ അടുത്ത് തന്നെയായിരുന്നതുകൊണ്ട് അവര്‍ അവിടെതന്നെ താമസമാക്കി; പ്രായമായ മാതാപിതാക്കള്‍ക്ക് ഒരു കൂട്ടുമായി .നല്ല ഓമനത്തമുള്ള ഒരു കുട്ടി.എല്ലാവര്ക്കും അവളെ ഇഷ്ടമായി.പക്ഷെ ആ സന്തോഷം ഏറെ നീണ്ടു നിന്നില്ല; ആ കുട്ടി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു പോയി; കൊച്ചു കുട്ടിയായിരുന്നത് കാരണം രോഗം മൂര്‍ച്ചിക്കും വരെ തിരിച്ചറിഞ്ഞിരുന്നില്ല .മകളെ ഏറെ സ്നേഹിച്ചിരുന്ന മാമന് ഈ വിഷമം താങ്ങവുന്നതിലധികമായിരുനു പെട്ടന്ന് തന്നെ പ്രവാസം മതിയാക്കി അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. അപ്പോഴേക്കും അവരുടെ പഴയ ചങ്ങാതിമാര്‍ പലവഴിക്ക് പിരിഞ്ഞു പോയിരുന്നു.ബാക്കിയായവര്‍ പഴയകഥകള്‍ അയവിറക്കി സായഹ്നകളരികളില്‍ ലഹരിനുണഞ്ഞു ജീവിതത്തെ ആഘോഷിക്കു‌ന്ന അവസ്ഥയിലും. മദ്യത്തിന്റെ മാസ്മരികതയിലേക്ക് വഴുതിവീഴാന്‍ ഏറെ സമയം വേണ്ടി വന്നില്ല..


ഇതിനിടയിലാണ് ദുഃഖങ്ങള്‍ക്കൊരു അറുതിയെന്നോണം ഒരു കുട്ടി കൂടി അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.പെട്ടന്ന് തന്നെ മാമനും മാമിയും അവരുടെ കളഞ്ഞുപോയ സന്തോഷവും ഉന്മേഷവും വീണ്ടെടുത്തു.കുട്ടിയെ അവളുടെ ഒരാഗ്രഹത്തിനും മുടക്കം വരാതെ വളര്‍ത്തുവാന്‍ വളരെയധികം കഷ്ടപെട്ടു.പലപ്പോഴും പണം പലിശക്ക് കടമെടുത്തു.അവളെ ഒരു ഡോക്ടറുടെ വേഷത്തില്‍ കാണുകയെന്നതായി രണ്ടുപേരുടേയും ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും ;അതിനായി മൂന്ന് തവണ ദൂരെയുള്ള പട്ടണത്തില്‍ എന്ട്രന്‍സ് പരിശീലനത്തിന് ചേര്‍ത്തു.പ്രായത്തിനൊപ്പം മകളുടെ ആഗ്രഹങ്ങളും കൂടി വന്നു.അവള്‍ക്കു കൂടെയുള്ള പണക്കാരായ മറ്റു കുട്ടികളെ പോലെ ഏറ്റവും പുതിയ ഫാഷനിലുള്ള ഡ്രസ്സ്‌, പോയിവരാന്‍ സ്വകാര്യ കാറുകള്‍ ഇവ കൂടാതെ പറ്റില്ലെന്നായി .എല്ലാം സാധിച്ചു കൊടുക്കാന്‍ മാമനും മാമിയും കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരുന്നു. മൂന്നു തവണയും എന്ട്രന്‍സ് കിട്ടാത്തത് കൊണ്ട് മകളെ ഫാര്‍മസി കോഴ്സിനു ചേര്‍ത്തു. അവിടെയും അവള്‍ കൂട്ടുകാരോട് പറഞ്ഞു കൊടുത്ത പോങ്ങച്ചങ്ങള്‍ക്ക് അനുസരിച്ച് ചിലവാക്കാന്‍ കൊള്ളപ്പലിശക്ക് കടം വാങ്ങേണ്ട അവസ്ഥയായി.വീടും പറമ്പുമെല്ലാം ഈടു വെച്ച് കടം വാങ്ങി.


പലപ്പോഴും കൌതുകം ഉണര്‍ത്തുന്ന കാഴ്ചയായി തോന്നിയ സംരഭങ്ങളില്‍ ചിലവയായിരുന്നു മൈക്രോ ഫിനാന്‍സിംഗ് സംഘങ്ങളും വനിതകളുടെ കൂട്ടായ്മകളായ കുടുംബശ്രീകളും മറ്റും.സ്ത്രീകളുടെ സാമ്പത്തിക സ്വയം പര്യപ്‌തത ലക്ഷ്യമാക്കി ആരംഭിച്ച പല സംഘങ്ങളിലും മാമിയും അംഗമായിരുന്നു എല്ലായിടത്തുനിന്നും കടം എടുത്ത്തതല്ലാതെ തിരിച്ചടക്കാനുള്ള വരുമാന മാര്‍ഗങ്ങള്‍ പഠിപ്പിച്ചു കൊടുത്തു ; അവയ്ക്ക് പര്യപ്തമാക്കാന്‍ ആരും ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം .പണം വട്ടിപ്പലിശക്ക് കൊടുക്കുന്ന തമിഴന്‍ ബ്ലേട്‌കാര്‍ക്ക് തുല്യമായ നാടന്‍ സ്ഥാപനങ്ങളായി ഇവയില്‍ പല സംഘങ്ങളും തരംതാണു തുടങ്ങിയിരുന്നു. കടം തിരിച്ചടക്കാന്‍ വൈകി തുടങ്ങിയപ്പോള്‍ ഈ സംഘങ്ങളിലെ അയല്‍വാസികളായ സ്ത്രീകള്‍ പോലും ശത്രുക്കളായി .ഗ്രാമീണ്‍ ബാങ്ക് എന്ന മഹത്തായ സംരഭത്തിന്റെ കേരള മോഡല്‍ കണ്ടിരുന്നുവെങ്കില്‍ ഒരുപക്ഷെ മുഹമ്മദ്‌ യുനുസും ഒരു വിചിന്തനത്തിന് തയ്യാറായേനെ എന്നു അക്കാലത്തു എനിക്കും തോന്നാതിരുന്നില്ല.
കടക്കാരുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യക്കൊരുങ്ങിയെന്കിലും "നിങ്ങള്‍ രണ്ടാളും വേണമെങ്കില്‍ ആത്മഹത്യ ചെയ്തോളൂ; ഞാനില്ല എനിക്ക് ജീവിക്കണം "എന്ന് മകള്‍ പറഞ്ഞത് കൊണ്ടാണ് വേണ്ടെന്നു വച്ചതെന്ന് മാമന്‍ ഒരിക്കല്‍ അച്ഛനോട് പറഞ്ഞിരുന്നു.മറ്റെല്ലാ വഴികളും അടഞ്ഞപ്പോള്‍ വസ്തു വകകള്‍ വിറ്റ് ,പിറന്നു വീണു ഇത്ര നാള്‍ ജീവിച്ച നാട് വിട്ട് അവര്‍ പുതിയ സ്ഥലത്തേക്ക് ചേക്കേറി .
പിന്നെ ഏറെ കാലത്തേക്ക് അവരെ കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ല .വളരെ ചെറിയ ഇടവേ ളകളായി കിട്ടുന്ന ഒഴിവ് കാലങ്ങള്‍ ഒന്നും ചെയ്യുവാന്‍ സമയം കിട്ടാതെ എണ്ണി തീര്‍ക്കുന്നതിനിടയില്‍ മറ്റൊന്നും ചിന്തിയ്ക്കാന്‍ പോലും കഴിയാതെ അവസ്ഥ.എപ്പോ എന്താണിത്ര പെട്ടന്ന് ? ഞാന്‍ നിശ്ശബ്ദത ഭാഞ്ഞിക്കാന്‍ വേണ്ടിയാണ് അച്ഛനോട് ചോദിച്ചത് ...ഒന്നാലോചിച്ചു ഒരു മൂളലിനു ശേഷം മറുപടിയും വന്നു " ആ കൊച്ചു പഠിത്തമൊക്കെ കഴിഞ്ഞു വന്നിരുന്നു.പഠിക്കുമ്പോള്‍ തന്നെ അന്യ മതസ്ഥനായ ഒരു പയ്യനുമായി അതിനടുപ്പമുണ്ടായിരുന്നു .എന്തുകൊണ്ടോ ശശിക്ക് ആ ചെക്കനെ അത്ര ഇഷ്ടമായിരുന്നില്ല ഒരു ജോലിയും ചെയ്യാതെ ഒഴപ്പി നടക്കുന്ന ചെറുക്കന്‍ ;അവന്റെ സൌഹൃദങ്ങളും അത്ര നന്നല്ല എന്നാണ് കേട്ടത് .ജാതി മതത്തിനപ്പുറം ആ ചെക്കന്റെ സ്വഭാവമാണ് ശശിക്ക് ഇഷ്ടമാകഞ്ഞത് ..ഒരാഴ്ച മുന്‍പ് അവള്‍ എല്ലാ എതിര്‍പ്പുകളും അവഗണിച്ച് ആ പയ്യനോടൊപ്പം ഇറങ്ങിപ്പോയി.. അതവനെ വീണ്ടും മദ്യത്ത്തിലെക്കെത്ത്തിച്ചു; ഈയിടെയായി ഇരുപത്തിനാലു മണിക്കുറും ബോധമില്ലായിരുന്നു എന്നാണ് കേട്ടത് ...ഒരു പക്ഷെ അതാവും കാരണം ...അല്ലാതെ ഇത്ര പെട്ടന്ന് ...പറയുമ്പോള്‍ ആ സ്വരം ഇടറുന്നത് ഞാനറിഞ്ഞു .

2 അഭിപ്രായങ്ങൾ: