2010, ജനുവരി 2, ശനിയാഴ്‌ച

ഹരിത ചിത്രങ്ങള്‍

ഓര്‍മകളുടെ പിന്നാംപുറത്തു ഇന്നുമുണ്ട് തറവാടിന്റെ തെക്കിനിയില്‍ ഒരു പത്തായം.....


തലമുറകളില്‍ നിന്ന് മുത്തശ്ശന് കിട്ടിയ ജാതിചിഹ്നം പോലെ പഴക്കമുള്ള ഒരടയാളം.


പത്തായത്തിനുള്ളിലേക്ക് വഴികള്‍ മൂന്നെണ്ണം;രണ്ടെണ്ണം എപ്പോഴും അടഞ്ഞും ഒരെണ്ണം തുറന്നും....


സാറ്റ് കളിക്കിടെ അവള്‍ പോലുമറിയാതെ നല്‍കിയചുംബനതിന്‍ വഴിയാ തുറന്ന വാതില്‍.......


മഴമാപിനികളില്‍ കണ്ണ് നനയാതെ, താപമാപിനികളില്‍ ദേഹം വരളാതെ,വരമ്പുകളുടെ അരഞ്ഞാണ സുരക്ഷയില്‍, ചുരുക്കം വിളിപ്പേരുകളില്‍സ്നേഹവാത്സല്യങ്ങളുടെ പച്ചില പാല്ചോരൂട്ടി വളര്‍ത്തി വിളവാക്കിഅടഞ്ഞ രണ്ടു വഴികള്‍ തുറന്നു പത്തായം നിറയെ നെല്‍മണികള്‍ ,അടുത്ത വിളവുവരെ അവ ഞങ്ങള്‍ക്ക് ഉള്ളിലേക്കുള്ള സഞ്ചാരത്തെ നിഷേധിച്ചിരുന്നു .തുടക്കത്തിലെ പരിഭവം മാറുമ്പോള്‍ ഞങ്ങള്‍ക്കവ കൂട്ടുകാര്‍........................

വയലിലെ കുളിര്‍മ മനസ് മുരടിപ്പികുമ്പോള്‍ കരയിലേക്ക്...അതിര്‍ത്തി കെട്ടി തരംതിരിച്ചു വിവിധങ്ങളായ വിളകള്‍ ...മനസിലുള്ള ചിത്രം മണ്ണില്‍ വരക്കുമ്പോള്‍ കപ്പക്ക്‌ കൂട്ടായി പയറും ,ചേനക്കു കൂട്ടായി കാച്ചില്‍ പിന്നെ ചേമ്പ് അങ്ങനെ .......


മുത്തശ്ശന്‍ പറയും , മക്കളെ നമ്മുടെ ജീവിതം പോലെയാണ് ഈ ഹരിത ചിത്രങ്ങള്‍ , ഉയര്‍ച്ച താഴ്ചകള്‍ പോലെ ചേനയുടെ താഴ്ചയും ചുറ്റിലും ഉയരത്തില്‍ കാച്ചിലുകള്‍....വര്ഷം നീളുന്ന കാത്തിരിപ്പിനൊടുവില്‍ പുതിയ അംഗങ്ങളെ പോലെ അവ വീട്ടിലേക്കു...ഒഴിഞ്ഞ പത്തായത്തിലവര്‍ അതിഥികള്‍ ....


ഇടക്ക് നാടുവിട്ടുപോയ ചിലര്‍ മടങ്ങിവന്നു കണ്ട വിശേഷങ്ങള്‍ പറഞ്ഞു.വിശേഷണങ്ങളിലും വിവരണങ്ങളിലും വീണു വീണ്ടും ചിലര്‍ പുറപ്പെട്ടു പോയി..........പോയ വരുടെ വീടുകളില്‍ കാത്തിരിപ്പിനൊടുവില്‍ തപാലാപ്പീസില്‍ നിന്നും കത്തും പണവുമെത്തി...കൈപറ്റിയവര്‍ അയച്ചവരെ സ്തുതിച്ചു ..വര്ഷം നീളുന്ന കാത്തിരിപ്പിനെ മടുത്തവര്‍ വയലിനെ വെറുത്തു .വരമ്പുകളും പിന്നെ വയലുകളും കളകള്‍ കയ്യേറി .തരിശായ കരകളില്‍ തെങ്ങുകള്‍ക്കൊപ്പം റബ്ബറുമെത്തി...ബാക്കിയുള്ളവയെ റബ്ബര്‍ തിന്നു തീര്ത്തു.

ആരവങ്ങള്‍ ഒടുങ്ങിയ തെക്കിനിയില്‍ മുത്തശ്ശനും പത്തായവും ഒറ്റക്കായി ....ഒന്നായി ജീവിച്ചവര്‍ വേര്‍പിരിയലിന്റെ വിശുദ്ധിയെ പ്രകീര്‍ത്തിച്ചു ഭാഗം പിരിഞ്ഞു...ഭാഗം വെക്കലില്‍ മുത്തശ്ശനും പത്തായവും ബാക്കിയായി ....രണ്ടു പേരും പരസ്പരം പാരം പറഞ്ഞു ...ഒടുവില്‍ മുത്തശ്ശനും വഴിപിരിഞ്ഞപ്പോള്‍ പത്തായം ഒറ്റക്കായി;കൂട്ടിനു വല്ലപ്പോഴും വന്നുംപോയും മഴയും വെയിലും ....

പിന്നെയെപ്പോഴോ പെട്ടന്നോരാള്‍ക്ക് മോഹം തോന്നി ; പത്തായത്തെ അലങ്കരിച്ചു വീടിനൊരു ആഡംബരമാക്കാംആഗ്രഹം കേട്ട് ആവശ്യക്കാര്‍ കൂടി ...ഒടുവില്‍ അവര്‍ പത്തയത്ത്തെ ഭാഗം വച്ച് ഏഴു വീടുകല്‍ക്കാലങ്കാരമാക്കി...ചെറിയ കസേരകളായും പീഡങ്ങളായും പിന്നെ പേരറിയാത്ത പല രൂപങ്ങളായും പത്തായം ചിരിക്കുന്നുണ്ടാവാം