2009, ജൂലൈ 10, വെള്ളിയാഴ്‌ച

ഹരിത ചിത്രങ്ങള്‍ - 2






ബോധാബോധങ്ങളുടെ ഇടയിലുള്ള നൂല്‍പാലത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഇടവേളകളിലാണ്‌ പലപ്പോഴും ബോധാവസ്ഥയില്‍ മറന്നുവെച്ച പലതും ക്ഷണിക്കപ്പെടാതെ വിരുന്നെത്തുക .ഒരുപക്ഷെ ഉന്‍മത്തതകള്‍ മാത്രം കണ്ടുപഴുകുന്ന ബോധപര്‍വത്തില്‍ നിന്ന് വേറിട്ട്‌ സഞ്ചരിച്ചിരുന്ന ഒരാള്‍ നേര്‍ത്ത ഓര്‍മകളായി വന്നു ഓടിമറയുന്നതും ഈ ഇടവേളകളിലാണ്.പലപ്പോഴും വലിയൊരു കൂട്ടത്തില്‍ നിന്നകന്നു തങ്ങളുടെതായ ഒരു ചെറിയ ,വലിയ ലോകത്ത് വ്യാപരിക്കുന്ന അയാളെ വളരെ വാത്സല്യത്തോടെ ഭ്രാന്തന്‍ എന്നു വിളിക്കാനുള്ള സൌമനസ്യം കാട്ടാറുണ്ട്‌ ; അയാളുടെ ലോകത്തിനു വെളിയിലുള്ള വലിയ , ചെറിയ മനുഷ്യര്‍ ....




ചെറുപ്പത്തിന്റെ കൂതുഹലതകളില്‍ ഒട്ടൊരു ഭയത്തോടെയും ,പിന്നീട് വളര്‍ച്ചയുടെ വിവിധ ദശകളില്‍ ഭയം പെട്ടന്ന് തന്നെ കൌതുകം , ഒരു സഹജീവിയോടു തോന്നേണ്ട സ്നേഹ ഭാവങ്ങള്‍ , പിന്നെ ആദരവിലേക്കെ തപ്പെട്ടത്‌, പരിചിതനായ ആ മനുഷ്യന് അയാള്‍ പോലുമറിയാതെ ചെയ്തു പോന്ന പ്രവര്‍ത്തികളുടെ വ്യത്യസ്തത കൊണ്ടാണ്.അയാളെ കണ്ടുതുടങ്ങുന്നത് പ്രൈമറി സ്കൂളിലെ ഇന്റര്‍വെല്‍ എന്ന പേരിലുള്ള പതിനഞ്ച് നിമിഷത്തെ പരോളുകള്‍ക്കിടയിലാണ്. സ്കൂളിനോട് അടുത്തുള്ള താമസക്കാരനയതിനാല്‍ വെള്ളം കുടിക്കാന്‍ ഓടി ചെല്ലുക അയാളുടെ വീട്ടിലേക്കാണ് .അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരങ്ങള്‍ക്കിടയില്‍ ജനാലയലൂടെയുള്ള ഒളിഞ്ഞു നോട്ടങ്ങളില്‍ പലപ്പോഴും കാണുക പല അവയവങ്ങളായി അഴിച്ചിട്ടിരിക്കുന്ന ട്രാന്‍സ്സിസ്റര്‍ റെഡിയോ , സൈക്കിള്‍ അല്ലെങ്കില്‍ ഒരു ഒറ്റക്കുഴല്‍ നാടന്‍ തോക്ക്‌ ഇവയില്‍ എതെങ്കിലുമാകാം. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം വേര്‍പെട്ട അവയവങ്ങള്‍ പൂര്‍വസ്ഥിതി പ്രാപിച്ചു വീണ്ടും പ്രവര്‍ത്തനനിരതമാവും; ഞങ്ങള്‍ക്ക് അത്ഭുതവും .




കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ്‌ പച്ചയും മാത്രം കൂടുതലുണ്ടായിരുന്ന നാട്ടില്‍ മറ്റു ആശയങ്ങളുടെയും ചെടികളുടെയും വരവോടെ പൊട്ടി പുറപ്പെട്ട ബാലപരീക്ഷണങ്ങളില്‍ നാടന്‍ ആയുധങ്ങള്‍ക്ക് പകരം ടൈനമിറ്റ്‌ പോലെയുള്ള വരത്തന്‍ ആയുധങ്ങളുടെ പരിചയപ്പെടുത്തല്‍ വലിയൊരു സ്ഫോടനതിലുടെ ഞങ്ങളറിഞ്ഞപ്പോള്‍ അതിന്റെ നിര്‍മ്മാണത്തിനു പിന്നിലും ആ ഒറ്റയ്ക്ക് താമസിക്കുന്ന മുടിനീട്ടി വളര്‍ത്തിയ മനുഷ്യന്റെ അദൃശ്യ സാമിപ്യം ഞങ്ങളറിഞ്ഞു. കൊടിയുടെയോ, ജാതിയ വേര്‍തിരിവുകലുടെയോ അസപ്ര്ശ്യതക്കപ്പുരം എല്ലാവരോടും തുല്യത കാട്ടി .




പിന്നിടാനറിഞത് നീണ്ട സൈനികസേവനത്തിനു ശേഷമാണു അയാള്‍ വിശ്രമാജീവിതതിനെത്തിയതെന്ന്. അയാളൊരിക്കലും രാഷ്ട്രീയത്തെകുറിച്ചോ രാഷ്ട്രീയക്കാരെക്കുരിച്ചോ കുറ്റം പറയുന്നത് കണ്ടിട്ടില്ല ; ആരും തന്നെ..പിന്നീടുള്ള നീണ്ട കാലയളവില്‍ അയാള്‍ ഒരിക്കല്‍ പോലും ഒരു വ്യക്തിയോടുപോലും മോശമായി പെരുമാറുന്നത് കാണാന്‍ കഴിഞ്ഞിട്ടില്ല ; വല്ലപ്പോഴും മദ്യപാനത്തിനുശേഷം പൊതുസമൂഹത്തിനു നേരയുള്ള ശകാരവര്‍ഷമല്ലാതെ....




പിതൃ,മാതൃ സ്വത്തായി കിട്ടിയ ഭൂമിയില്‍ സ്വയം വിതച്ചു; കൊയ്തു. മൂന്നു നേരത്തെ വിശപ്പടക്കലിനുമേലെ ബാക്കി വന്നത് വിശന്ന വയറുകള്‍ക്ക്‌ നല്‍കി . പിന്നീട് യൌവനകാലത്ത് അയാളുമായുള്ള അടുത്ത സമ്പര്‍ക്കങ്ങളില്‍ ഇപ്പോഴും ഓര്‍മനില്‍ക്കുന്ന ഒരു കാര്യം ആ ആതിഥേയ മര്യാദകളുടെ ഭാഗമായി കിട്ടിയിരുന്ന, മദ്യം കുടിച്ചു വീര്‍ത്ത ഉണങ്ങിയ മുന്തിരിങ്ങകളാണ്.പിന്നീട് അതിന്റെ നിര്‍മാണ രഹസ്യവും പിടികിട്ടി,നല്ല ആയുര്‍വേദ ചേരുവകളുള്ള കരുപ്പകെട്ടി കൊടയാക്കി , പ്രഷര്‍ കുക്കെരില്‍ ചെറിയ വ്യതിയാനങ്ങള്‍ വരുത്തി , ആവിയില്‍ വാടിയെടുക്കുന്ന നാടന്‍ മദ്യത്തില്‍ മുക്കി ദിവസങ്ങളോണം വച്ച മുന്തിരിങ്ങകളാണ് അതിഥികള്‍ക്ക് കൊടുക്കുക . അതിഥികളായി വിരലിലെണനെവുന്നവര്‍ മാത്രം ..




.സ്വന്തം കയ്യാല്‍ നട്ടു വളര്‍ത്തിയ റബ്ബര്‍ പട്ടകളില്‍ ചില ദിവസങ്ങളില്‍ ഒരു വാശിയോടെ രണ്ടു തവണ കത്തിയാഴ്ത്തി.പട്ടയിലൂടെ കണ്ണീര്‍പോലെയോഴുകിയ രുധിരം പാകമെതും മുന്‍പേ കച്ചവടക്കാരന്റെ ത്രസുകളിലെക്കും ; കിട്ടിയ പണം ചന്തമുക്കിലെ പട്ട ഷാപ്പിലെക്കും.പിന്നെ രാത്രി മുഴുവന്‍ ഈശ്വരന്‍ മുതല്‍ അസുരന്‍ വരെ എല്ലാവര്ക്കും തുല്യനുപതത്തില്‍ തെറിയഭിഷേകം...കേട്ട്സഹികെട്ട ചിലര്‍ നീണ്ടുവളര്‍ന്ന മുടിയും താടിയും വടിച്ചു കളഞ്ഞു. ഈ പാതകം ചെയ്തവരെ ഞങ്ങള്‍ സ്ഥലത്തെ പ്രധാന ബാര്‍ബര്‍മാരായി അവരോധിച്ചു. അയാളാവട്ടെ ആരോടും പരിഭവിച്ചില്ല ; പരാതി പറഞ്ഞില്ല.




പിന്നീടെപ്പോഴോ ചെറിയ ഒരു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നുള്ള പരിശോധനകളിലാണ് അദ്ദേഹത്തിന് ശ്വാസകോശ കാന്‍സര്‍ആണെന്ന് തിരിച്ചറിഞ്ഞത്.ആശുപത്രിയില്‍ നിന്ന് തിരിച്ചു വന്നയുടന്‍ ചെയ്തത് ഭൂസ്വത്തുക്കള്‍ കുടുംബത്തിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുടെ പേര്‍ക്ക് രജിസ്റ്റര്‍ ചെയ്തു ,ചില ദിവസങ്ങള്‍ക്കു ശേഷം അയാളെ ആരും കണ്ടിട്ടില്ല

2 അഭിപ്രായങ്ങൾ: