2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ലിമിയയുടെ യാത്രകള്‍

നിറം നഷ്ടപെട്ട ആ തുണികള്‍ യാത്രാസഞ്ചിയുടെ കീശകളിലെ ഒഴിവുകളിലേക്കു തിരുകി വയ്ക്കുന്നതിനിട യില്‍ ‍അവളുടെ നടുവ് വേദന അസഹ്യമായി. കുറെ നേര മായി കുനിഞ്ഞു നിന്നുനിന്നത് കൊണ്ടാവണം; അവള്‍ സ്വയം സമാധാനിച്ച്‌ കൈരണ്ടും അരക്കെട്ടി ല്‍ താങ്ങി നിവര്‍ന്നു നില്‍കാന്‍ ശ്രമിച്ചു .ആ ഒരു മാത്രയില്‍ ചുവരിലെ നില ക്കണ്ണാടി അവളെ പകര്‍ത്തി. കണ്ണാടി അവളെ കൈവിടും മുന്‍പ് ദിവസങ്ങള്‍ക്കുശേഷം അവള്‍ കണ്ണാടിയില്‍ സ്വയം കണ്ടു. മുഖം രക്തച്ഛവി മാഞ്ഞും, കണ്ണുകള്‍ പ്രകാശം കുറഞ്ഞും അവള്‍ അവള്‍ക്ക് മുന്നില്‍ അപരിചിതയായി. അവളുടെ സ്വകാര്യാഭിമാനമായിരുന്ന, അവളുടെ അണിവയര്‍ അവളുടെ മുട്ടെത്തുന്ന കാലുറക്കും ബനിയനും ഇടയിലൂടെ അവളെ നോക്കി പരിഹസിച്ചു. സ്വയമറിയാതെ അവള്‍ നിവര്‍ന്നു കണ്ണാടിക്കു മുന്നില്‍ സ്വയം പ്രത്യക്ഷയായി. സ്വന്തം കണ്ണിലേക്കു കണ്ണുകളാഴ്ത്തി അവള്‍ സ്വയം മറന്നു.

ചിന്തകളുടെ ആട്ടുകട്ടിലില്‍ സ്വയമറിയാതെ നാലുദിവസങ്ങളായി അവള്‍ പതിമയക്കങ്ങളില്‍ ഞെട്ടിയുണര്‍ന്നു കാത്തിരുന്ന മിന്നാമിനുങ്ങിനെ നെറുകയില്‍ ഒളിപ്പിച്ച് അവളെ തേടിയെത്തുമെന്നു ഭയന്ന പോലീസ്സ് വണ്ടി മറന്നു. അന്നു വൈകിട്ട് അവള്‍ക്കായി എത്തുന്ന എലിസയുടെ കാറിനെയും മറന്നു. പാതി മയങ്ങിയ കാഴ്ചകള്‍ക്കിടയില്‍ അവള്‍ മനിലയിലെ പരസ്പരം ഉരുമ്മാതെ കടന്നു പോകാനാവാത്ത ഒരു വീതികുറഞ്ഞ തെരുവില്‍ നിന്നു മുന്നൂറുപേര്‍ക്കൊപ്പം ആകാശയാത്രക്ക് തയ്യാറെടുത്തു നില്‍ക്കുന്ന ലിമിയയായി. അവള്‍ക്കു ചുറ്റും അവളുടെ വേര്‍പാടില്‍ കണ്ണുകളില്‍ നനവു കലങ്ങിയ മിഴികളോടെ അവളുടെ മാതാപിതാക്കളും ഇളയ അനുജനും നിന്നു.

വിമാനത്തിലെ ചെറുതണുപ്പില്‍ നിന്നു ബസ്സിലെ തിരക്കിലൂടെ നീളം കൂടിയ ഇമിഗ്രേഷന്‍ നിരയിലൊരാളായി നില്‍ക്കുമ്പോള്‍ പരസ്പരം വേര്‍തിരിച്ചറിയാനാവാത്ത പലഭാഷകള്‍ക്കിടയില്‍ അവളുടെ തഗാലോഗ് അവള്‍ക്കു പോലും തിരിച്ചറിയാനാവാതെ മുങ്ങിത്താണു പോയി.അവളുടെ പച്ച പാസ്പോര്‍ട്ടില്‍ അമര്‍ന്ന മഷിക്കറ ഉണങ്ങും മുന്‍പേ പുറത്തെ ഉഷ്ണം പൊതിഞ്ഞ പൊടിക്കാടുപോലെയുള്ള നിരത്തിലൂടെ അവളെ കാത്തു നിന്ന പാക്കിസ്താനി യജമാനനൊപ്പം ആ സായാഹ്നത്തില്‍ അബുദാബിയില്‍ നിന്നകലെ പെയിന്റും വാര്‍ണിഷും മണക്കുന്ന വില്ലയുടെ പൂമുറ്റത്തു അവള്‍ വലതുകാല്‍ വച്ചു കയറി. കടലുകള്‍ക്കക്കരെ നാലുപേരടങ്ങുന്ന അവളുടെ കുടുംബത്തിന്‍റെ പ്രാര്‍ത്ഥനകളില്‍ അവളൊരു പേരായി. ആ പേര്‍ അവരുടെ കൃത്യമായ ഇടവേളകളില്‍ അവരുടെ മണി എക്സ്ചേയ്ഞ്ചിലേക്കുള്ള സൂചികയായി.

പുറത്തുനിന്നകത്തെക്കോ അകത്തു നിന്നു പുറത്തേക്കോ കാണാനാവാത്ത കൂറ്റന്‍ മതിലിനുള്ളില്‍ മൂന്നുരാജ്യങ്ങളുടെ പ്രതിനിധികള്‍ പോലെ അതിര്‍ത്തി രേഖകളുടെ അദൃശ്യ നിയന്ത്രണങ്ങള്‍ക്കുള്ളിലെ മൂന്നു കുടുംബങ്ങളിലൊന്നിലെ അവളുടെ യജമാനന്മാര്‍ പകലുകളില്‍ ജോലിസ്ഥലങ്ങളിലേക്ക് ഒഴുകി നീങ്ങുന്ന മാതാപിതാക്കളുടെ രണ്ടു വയസുള്ള മകന് അവള്‍ അമ്മയായി. സ്നേഹം കവിയുന്ന കബായാന്‍ വിളികള്‍ക്ക് പിന്നില്‍ കാമത്തിന്റെ വിഷവിത്തുകളൊളിപ്പിച്ച ഗൃഹനാഥനില്‍ നിന്നു തന്നെ ഒളിച്ചു വെയ്ക്കാന്‍ , കറുത്ത കന്തൂറക്കുള്ളില്‍ വെളുത്ത മനസ്സിനെ മറയ്ക്കാത്ത യുവതിയായ വീട്ടമ്മയുടെ പുറകിലും അവരില്ലാത്തപ്പോള്‍, വില്ലയിലുള്ള മറ്റു കുടുംബങ്ങളിലെ ജോലിക്കാരായ രണ്ടു ശ്രീലങ്കന്‍ പെണ്‍കുട്ടികള്‍ അവള്‍ക്കു തുണയായി.
മൂന്നു കുടുംബങ്ങളാണു ആ വലിയ വില്ല പങ്കിട്ടെടുത്തിരുന്നതു. വില്ലയുടെ നെഞ്ചില്‍ ഏല്ലാവരുടെതും എന്നാല്‍ ആരുടേതുമല്ലാതെ അവശേഷിച്ചിരുന്ന മറ്റു മുറികളെക്കാള്‍ വലിപ്പമുണ്ടായിരുന്ന മുറി അവര്‍ മൂന്നു പെണ്‍കുട്ടികളുടെ വാചികാജുഗല്‍ബന്തികളില്‍ സ്വയം മറന്നു ചിരിച്ചതോര്‍ത്തു ലിമിയയുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു. ആരുടേതുമല്ലാതിരുന്ന ആ മുറിയിലെ അവരുടെ സ്വകാര്യതകളിലേക്ക് നാലുഭാഷ സംസാരിക്കുന്ന യുവാക്കളായ ഇന്ത്യക്കാര്‍ കടന്നു വന്നത് ഒരു സന്ധ്യക്കാണ്.നാലുമൂലകള്‍ പകുത്തെടുത്ത് ആ പുതിയ താമസക്കാര്‍ അവരുടെ ലോകം സൃഷ്ടിച്ചു .അവരില്‍ മൂന്നുപേര്‍ കൃത്യമായ ഇടവേളകളില്‍ ഉള്‍ക്കടലിലെ എണ്ണതോട്ടങ്ങളിലേക്ക് പോയി വന്നു. പലപ്പോഴും ആ മുറിയില്‍ നാലാമന്‍ തനിച്ചായി.

പകല്‍ സമയം വീട്ടിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് വേണ്ടി ഒഴിവു സമയങ്ങളില്‍ ലിമിയയോടൊപ്പം മറ്റു പെണ്‍കുട്ടികളും ചേര്‍ന്ന് ആ വലിയ മുറി തുടച്ചു വൃത്തിയാക്കി. ചിലപ്പോള്‍ അവരുടെ വെയിലേറ്റു വരണ്ട തുണികള്‍ അടുക്കി അലമാരയില്‍ വച്ചു. മറ്റു ചിലപ്പോള്‍ അവരവരുടെ അടുക്കളകളില്‍ നിന്നു വ്യത്യസ്ത മണങ്ങളുതിര്‍ക്കുന്ന കറികള്‍ ആ ചെറുപ്പക്കാരനായി മേശപ്പുറത്തു അടച്ചു വച്ചു. പകരമായി വെള്ളിയാഴ്ചകളില്‍ ചെറുപ്പക്കാരന്‍ അവരെ നിറം പിടിച്ച ചില്ലലമാരികളിരുന്നു ചുവന്നു തുടുത്ത മാലാഖമാര്‍ മാടിവിളിക്കുന്ന കടകളുടെ വിശാലതയിലേക്കും വറുത്തുമൊരിഞ്ഞു പുറത്ത് തഴമ്പു തോന്നിപ്പിക്കുന്ന കോഴിക്കഷണങ്ങള്‍‍ വിളമ്പുന്ന കടകളിലേക്കും കൂട്ടിക്കൊണ്ടു പോയി. അവര്‍ പറഞ്ഞു കൊടുത്ത വിലാസങ്ങളിലേക്ക് അവരുടെ മാസവേതനങ്ങള്‍ അയച്ചു കൊടുത്തു.

പലപ്പോഴും മുറിയില്‍ ഒറ്റക്കാവുന്ന ചെറുപ്പക്കാരനുമായി ലിമിയ അവള്‍ക്കറിയാവുന്ന ഇംഗ്ലീഷില്‍ സംസാരിച്ചു.അവന്‍ അവളെ അവന്‍റെ ഭാഷ പറഞ്ഞു കേള്‍പ്പിച്ചു ഒപ്പം അവളുടെ ഭാഷ അറിയാന്‍ ഇഷ്ടപ്പെട്ടു. ലിമിയക്ക്‌ മുന്നില്‍ അവര്‍ മാത്രമുള്ള നിമിഷങ്ങളില്‍ വാക്കുകളിലൊതുങ്ങാത്ത മനസ്സ് കണ്ണുകളിലൂടെ പരസ്പരം തുറന്നു കാട്ടിയ നിമിഷങ്ങള്‍ ഒരു ചിത്രത്തിലെന്നോണം മിഴിവാര്‍ന്നു വന്നു. രാവിലെ പുറത്തു പോകുന്ന ചെറുപ്പക്കാരന്റെ തിരിച്ചുവരവിനു വേണ്ടി അവളുടെ കണ്ണുകള്‍ മുന്‍വാതിളോളം ചെന്നു തറച്ചു നിന്നു.അവന്‍റെ അസാന്നിധ്യത്തില്‍ അവളുടെ കണ്ണുകളില്‍ വേര്‍പാട് ഇരുട്ടിന്റെ ഒരു പാട പുതപ്പിച്ചു. ന്യൂനസമ്മര്‍ദ്ദത്തിന്‍റെ ഇടനാഴികളില്‍ അവള്‍ സ്വയം നഷ്ടപെട്ടു. അവനോ അവള്‍ മനസ്സില്‍ കാണുന്ന നിമിഷങ്ങളില്‍ അവള്‍ക്കിഷ്ടപെട്ട വിഭവങ്ങളുടെ പ്ലാസ്റ്റിക് കൂടകള്‍ അവള്‍ക്കായ്‌ സമ്മാനിച്ചു. അവര്‍ക്ക് ചുറ്റുമുള്ള ലോകത്തിന്‍റെ കണ്ണില്‍ പെടാതെ, അവര്‍ അവരുടെതായ ലോകത്തില്‍ ഒരുമിച്ചു.

ലിമിയ, അവളുടെ ജീവിതത്തിലെ ഏറ്റവും വര്‍ണാഭമായ നിമിഷങ്ങളില്‍ അവളല്ലാതായി മാറിയ നിമിഷങ്ങളെ ഓര്‍ത്തു. രാത്രിയുടെ വൈകിയ നിമിഷങ്ങളില്‍ മറ്റുള്ളവരില്‍ നിന്നു മറഞ്ഞു അവര്‍ വീടിന്റെ ഉഷ്ണം നിശ്വസിക്കുന്ന മേല്‍ക്കൂരയില്‍ വിയര്‍പ്പില്‍ കുളിച്ച നിമിഷങ്ങളെ ഓര്‍ത്തു സ്വയം പൊള്ളിച്ചു. വെളിച്ചത്തിന്റെ കനല്‍ തെളിയും മുന്‍പേ മുറിഞ്ഞ ഹൃദയത്തിന്റെ കഷണങ്ങളായി പരസ്പരം പിരിഞ്ഞു. അവളുടെ കണ്ണുകളില്‍ അവനെ കണ്ട ഉറക്കം അവളില്‍ നിന്നകന്നു നിന്നു. എല്ലാവരുടെയും കണ്ണുകളില്‍ ഉറക്കം ചേക്കേറുന്ന ഉച്ചകളില്‍ മറ്റുള്ളവരുടെ കണ്ണു വെട്ടിച്ചു അവള്‍ വീടിനു വെളിയില്‍ ഒട്ടേറെ വളവുകള്‍ക്കപ്പുറം അവനു വേണ്ടി കാത്തു നിന്ന നിമിഷങ്ങളോര്‍ത്തു .അവന്‍റെ വിരല്‍ തുമ്പിന്‍റെ തണുപ്പില്‍ തൂങ്ങി അവള്‍ അവന്‍റെ സുഹൃത്തിന്‍റെ ഒഴിഞ്ഞു വിടന്ന ഫ്ലാറ്റില്‍ അവന്‍റെ വീട്ടമ്മയായി. അവന്‍ അവര്‍ക്കിടയിലേക്ക് പലപ്പോഴും കരുതി വെച്ച റബറിന്‍റെ ലക്ഷ്മണരേഖകളെ അവള്‍ മറികടന്നു. സുര്യസ്തമനത്തിനു മുന്‍പ് അവര്‍ വെവ്വേറെ സമയങ്ങളില്‍ തിരിച്ചെത്തി.

അവളുടെ പരന്ന അടിവയറിന് പതിവില്ലാത്ത രോഷം വന്ന ഒരു വൈകുന്നേരമാണ് അവള്‍ അന്നു പകല്‍ കണ്ടെത്തിയ രഹസ്യം അവനോടു പങ്കു വെച്ചത്. അവന്‍റെ കണ്ണുകളിലെ ഭാവം വായിക്കാന്‍ അന്നാദ്യമായി അവള്‍ക്കായില്ല. അവന്‍റെ തലോടലില്‍ അവള്‍ എല്ലാം മറന്നു. അവനു വേണ്ടാത്ത സമ്മാനം ഉപേക്ഷിക്കാമെന്ന് അവന്‍ പലരോടും ആലോചിച്ചു. നിയമത്തിന്റെ മുഖമില്ലായ്മ അവന്‍റെ ചിന്തകളെ മായിച്ചു. പിറ്റേന്ന് അവനു വേണ്ടി കാത്ത് നില്‍ക്കാന്‍ അവന്‍ അവളോട്‌ പറഞ്ഞു. പറഞ്ഞ സമയത്തിന് ശേഷവും മുറിയുടെ മൂലയില്‍ അവന്‍റെ കിടക്കയിലും അവന്‍ സ്ഥിരമായി നില്‍ക്കാറുള്ള വളവുകളിലും അവളുടെ കണ്ണു കഴച്ചു. അവളുടെ ജനാലയില്‍ പ്രാവുകളുടെ കുറുകലുകളോടൊപ്പം അവന്‍റെ പരിചിതമായ നിശ്വാസങ്ങള്‍ക്കു കാതോര്‍ത്തു.നാലാം ദിവസം ബോധശൂന്യയായിപ്പോയ അവളെ പരിശോധിച്ച ഡോക്ടര്‍ക്ക് അവളോട്‌ തോന്നിയ സ്നേഹമാണ് അവളെ ഇരുമ്പഴികള്‍ക്ക് പിന്നില്‍ പിറക്കേണ്ടി വന്നേക്കാവുന്ന അവളുടെ അതിഥിയുടെ ദൌര്‍ഭാഗ്യത്തെ പറ്റി അവളോട്‌ പറഞ്ഞത്. പെട്ടന്ന് മനിലയിലേക്ക് യാത്രയാവാന്‍ പറഞ്ഞതും ആ ഡോക്ടര്‍ തന്നെ.

അവളുടെ യജമാനന്റെ കാമം വിട്ടുമാറാത്ത കണ്ണുകളില്‍ അവളോടുള്ള വെറുപ്പ്‌ നിറഞ്ഞു കവിഞ്ഞിരുന്നു. ഇന്നാണ് അയാള്‍ വീട് വിട്ടു പോകാന്‍ കൊടുത്ത സമയം അവസാനിക്കുന്നത്. അവളു ടെ നാട്ടുകാരിയായ എലിസ അവളുടെ യാത്രക്കുള്ള സഹായങ്ങളുമായി വൈകിട്ടെത്താമെന്നാണ് പറ ഞ്ഞിരുന്നത്. നിലക്കണ്ണാടിക്ക് മുന്നില്‍ നില്‍ക്കെ അവളുടെ കണ്ണീര്‍പ്പുഴ വറ്റി. അവളുടെ കണ്മുന്നില്‍ അവളുടെ അടി വയര്‍ കനം വച്ചു വന്നു.അതു വളര്‍ന്നു വളര്‍ന്ന് അവളുടെ കാഴ്ച മറച്ചു നിറഞ്ഞു നിന്നു. അവള്‍ക്കു മുന്നില്‍ ലോകം ജനവാസമില്ലാതൊരു ഇരുണ്ട ഗ്രഹമായി ചുരുങ്ങി.

അവള്‍ പതിയെ കവിഞ്ഞൊഴുകിക്കൊണ്ടിരുന്ന ബാത്ത് ടബ്ബിലേക്ക് ഒരു തുവല്‍ പോലെ വീണു നനഞ്ഞു. വെളുത്ത വലതു കൈത്തണ്ടയിലെ നീല ഞരമ്പുകള്‍ക്കു മേലേ ചുവന്ന ലിപികളില്‍ "വസന്ത്' എന്ന് നിമിഷത്തേക്ക് തെളിഞ്ഞു മറഞ്ഞു. പാതി ചാരിയ വാതിലിലൂടെ ബാത്ത് ടബ്ബില്‍ നിന്നുള്ള ഇളം ചുവപ്പ് കലര്‍ന്ന വെള്ളം പടര്‍ന്നിറങ്ങവേ ആറു നനഞ്ഞ കണ്ണുകളെ തന്നിലേയ്ക്കാവാഹിച്ച് മനില അവള്‍ക്കു മുന്നില്‍ ഒരു ഇരുണ്ട ചുവര്‍ചിത്രമായി.

2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

സാന്‍ഡ്‌ വിച്ച് -സിന്ധു മനോഹരന്റെ (സിന്ധു മേനോന്‍ ) -ഒരു ആസ്വാദന ശ്രമം

2007 ലെ മാതൃഭുമി ബുക്സ് നടത്തിയ നവാഗതരുടെ നോവല്‍ രചനാ മത്സരത്തില്‍ പ്രസിദ്ധീകരണാര്ഹമായതാണ് ഈ കൃതി.വേണ്ടത്ര നിരൂപക ശ്രദ്ധ കിട്ടാതെ പോയി അല്ലെങ്കില്‍ ഒരു പക്ഷെ കാലം തെറ്റി വന്ന എന്നു കരുതേണ്ട (ഓ.വി വിജയന്‍റെ ഖസാക്ക് ഉദാഹരണം ) ഈ നോവലിന്റെ മുഖവുരയില്‍ ശ്രി.ഓ.കെ ജോണി പറയും പോലെ ഗതാനുഗത്വത്തില്‍ നിന്ന് സ്വയം മോചിപ്പിക്കപ്പെട്ട ഒരെഴുത്തുകാരിയുടെ സ്വാതന്ത്ര്യബോധത്തിന്റെ അടയാളമായി വായിക്കപ്പെടെണ്ടത് തന്നെയാണ് കാവ്യഭംഗിയുള്ള ഈ നോവല്‍.
നാലു ചുമരുകളുടെ ചുറ്റളവില്‍ അവധിക്കാലം കളിച്ചു തീര്‍ക്കുന്ന പ്രവാസി കുഞ്ഞുങ്ങളുടെ ഒന്നും ഓര്‍മിക്കാന്‍ ബാക്കിയില്ലാത്ത ഒഴിവുകാലത്തില്‍ നിന്ന് തുടുങ്ങുന്ന നോവല്‍ ഒരു ശരാശരി പ്രവാസിയുടെ പ്രത്യേകിച്ചൊന്നും രേഖപ്പെടുത്താനില്ലാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാവുന്നു.ജോലിയന്ന്വേഷനതിനിടയില്‍ വീട്ടമ്മ ചുറ്റുപാടും കാണുന്ന കാഴ്ചകള്‍ക്ക് ഒരു ആഗോള മാനം കൈവരുന്നത് ചൂഷണം ചെയ്യപ്പെടുന്ന ഫിലിപ്പിനോ പെണ്‍കുട്ടികളുടെ നിസ്സഹായതവസ്ഥയും പ്രസവിക്കാന്‍ മാത്രം വിധിക്കപ്പെട്ട പാക്കിസ്ഥാനി വീട്ടമ്മയുടെ ഗര്‍ഭാലസ്യത്താല്‍ ചുരുണ്ട , ഉണങ്ങാന്‍ കിടക്കുന്ന കന്തൂറയുടെ കാഴ്ചകളുമാണ്.
പുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാം ഭദ്രമെന്ന് തോന്നുന്ന ഒരു പ്രവാസി കുടുംബത്തില്‍ അനുഭവിക്കുന്ന വേദനകളെ ഒരു വീട്ടമ്മയുടെ കണ്ണിലൂടെ നോക്കി ക്കനുന്നുണ്ട് നോവലിസ്റ്റ്. സ്വന്തം താല്പര്യങ്ങള്‍ അയല്പക്കകാരുടെ ഇഷ്ടങ്ങള്‍ക്ക് മുന്നില്‍ അണകെട്ടി നിര്‍ത്തേണ്ട നിസ്സഹായത അവസ്ഥയുണ്ട് ,എന്തിനെയും ചിലാകുന്ന പണത്തിന്റെ കണ്ണിന്റെ കണ്ണിലൂടെ കാണുന്ന ഭര്‍ത്താവിന്റെ ശാസനകളുണ്ട്.ഇവയ്ക്കിടയില്‍ ടോമില്‍ നിന്ന് രക്ഷപെടാനുള്ള ജെറി യുടെ മാനസികാവസ്ഥ കൈവരുന്നുണ്ട്‌ നായികായ വീട്ടമ്മക്ക്‌. സ്വത്വം വെടിഞ്ഞുള്ള കൂട്ടായ്മകളില്‍ ഒറ്റപെട്ടു പോകുന്ന സൌഹ്രടമെന്നു വിശ്വസിക്കുന്ന ബന്ധങ്ങളുടെ കാണാപ്പുറങ്ങളില്‍ വഞ്ചിക്കപ്പെടുന്ന മനസ്സ് ചുരുങ്ങിയ വാക്കുകളില്‍ വളരെ ഫലവത്തായി വരച്ചു കാട്ടുന്നുണ്ട്. ഗ്ലോബലില്‍ വില്ലേജില്‍ മറ്റാരും കാണാത്ത ഗ്ലോബല്‍ വേദനകള്‍ കാണുന്ന നായികയുടെ സുഹൃത്ത്‌ നായികയുടെ മറുപുറമാണ്. ജീവിതത്തിന്റെ വിജയത്തിനായി സാഹചര്യങ്ങളുമായി എതളവു വരെയും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറുള്ള മാനസികാവസ്ഥയുള്ള സുഹൃത്ത്‌ സിനിയുമായുള്ള ബന്ധം വളരെ വ്യത്യസ്തമായി എഴുതി ചേര്‍ത്തിരിക്കുന്നു.കല്‍ക്കന്ടെത്തിന്റെയും മുന്തിരിയുടെയും ചൂടുള്ള ശരീരങ്ങളുടെ ഇഴുകി ചേര ലുകക്കള്‍പ്പുറം പരസ്പരം മനസിലാക്കുന്ന വൈരുധ്യങ്ങളാവുന്നുണ്ട് ഇവര്‍ രണ്ടു പേരും.
പ്രണയത്തിന്റെ നോവും ,വ്യവസ്ഥാപിത കുടുംബബന്ധങ്ങളുടെ താളപ്പിഴകളുമെല്ലാം വളരെ ശക്തവും എന്നാല്‍ കാവ്യാത്മകവുമായി പറഞ്ഞു പോകുമ്പോള്‍ നുണ പറഞ്ഞാല്‍ കല്ലായിപ്പോകുമെന്നു വിശ്വസിച്ചിരുന്ന ഒരു നാടന്‍ പെണ്‍കുട്ടിയുടെ വളരെ ഒതുങ്ങിയ ചിന്തകളില്‍ നിന്ന് ചോരയൊലിപ്പിക്കുന്ന വിലകൂടിയ ചോക്ലേറ്റു പോലെയുള്ള നഗരത്തിലെ കാണാക്കാഴ്ചകളിലേക്ക് വിപണനത്തിന്റെ ആഗോള ഗ്രാമങ്ങളിലെ പുത്തന്‍ വിലപേശലുകളില്‍ ,സ്വന്തം ആദര്‍ശങ്ങള്‍ക്കു മുന്‍പില്‍ ഉപേക്ഷിക്കേണ്ടി വരുന്ന വീടിന്റെയും, പ്രണയത്തിന്റെയും ,സൌഹൃദങ്ങളുടെയും കഥകള്‍ വളരെ അനായാസമായി വായനക്കാരന്റെ മുന്നില്‍ നോവായി വന്നു നിറയുന്നുണ്ട് .
ഒന്നിനും ക്ഷമയില്ലാത്ത ഒരു ലോകത്ത്, സാന്‍ഡ്‌ വിച്ച് പോലെ എല്ലാം ആദ്യവും അവസാനവും ഒറ്റയടിക്ക് വിഴുങ്ങേണ്ട അവസ്ഥയില്‍ നോവലിസ്റ്റ് തന്റെ ഭാഷാ തിരയുകയാണ് .ശരീരത്തിന്റെ ,നഗ്നതയുടെ ,മരുഭൂമിയുടെ ഭാഷ, ഒപ്പം നാല്പത്തിയഞ്ച് പേരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിന്റെ കഥയെഴുതാനുള്ള ഭാഷ.കാമുവും പാമുവും മുകുന്ദനും ഡല്‍ഹിയുമെല്ലാം ഈ തിരച്ചിലിന്റെ ഭാഗമാണ്.ഭര്‍ത്താവിന്റെ അടിവസ്ത്രം തിരുമ്മലിനും ,ബലാല്‍ത്സംഗം ചെയ്യപെടുന്ന രാത്രികള്‍ക്കും കാമുകന്റെ തിരസ്കര ണത്തിനും , മൂടുപടമിട്ട സൌഹൃദങ്ങളുടെ പീഡനശ്രമങ്ങള്‍ക്കും ഇടയില്‍ ആ ഭാഷ സ്വയം തിരിച്ചറിയുന്നുണ്ട്.എന്‍റെ ഭാഷ മരുഭുമിയുടെ ഭാഷയാണ്‌ ,കള്ളിച്ചെടിയുടെ ഉള്ളിലെ ജലമാണ് .കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ള അലിവുള്ള മേഘങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകളാണ്
ശക്തമായ സ്ത്രീപക്ഷ ദര്‍ശങ്ങളാല്‍ വേറിട്ട ഒരു വായനാ അനുഭവമാണ് അന്‍പതോളം പേജുകളിലായി അമ്പതു വ്യത്യസ്ത കവിതകളായി വായിച്ചെടുക്കാവുന്ന ഈ നോവല്‍ .
===========================================================================
അധ്യായം : 7
ക്ലോക്കിലേക്ക് വെറുതേ കുറേ നേരം
നോക്കിയിരുന്നു.
സൂചി ഓരോ അക്കത്തില്‍നിന്നും
അടര്‍ന്നു വീഴുകയാണ്.
മൊബൈല്‍ഫോണ്‍ നിശ്ചലമാണ്.
റിങ്ങ്ടോണുകള്‍ മാറ്റി മാറ്റി കളിച്ചു.
ഇല്ല, ആരും വിളിക്കാനില്ല.
ഈ ആഗോളഗ്രാമത്തില്‍
എല്ലാവരുടേയും കൈയില്‍ ഫോണുണ്ട്.
എന്നാല്‍ എന്നെ
വിളിക്കാന്‍മാത്രം ആരുമില്ല.
പിന്നെയൊന്നേ ചെയ്യാനുണ്ടായിരുന്നുള്ളു.
പതിവു വാദ്യോപകരണത്തില്‍
വിരലുചേര്‍ത്തു
അതില്‍നിന്ന് പലതരത്തിലുള്ള
സംഗീതം ഉയര്‍ന്നു.
അതില്‍ ലയിച്ചങ്ങനെ കിടക്കുമ്പോള്‍ ഓര്‍ത്തു.
വെറുതെയല്ല അയാള്‍ പറഞ്ഞത്
ഞാന്‍ എനിക്കിഷ്ടമുള്ളതുപോലെ
ജീവിക്കുമെന്ന്.
ഇഷ്ടമുള്ളതുപോലെ ജീവിക്കാന്‍
ഒരു സുഖമുണ്ട്.
അയാള്‍ അയാള്‍ക്കിഷ്ടമുള്ളതുപോലെ
ജീവിക്കട്ടെ.
ഞാന്‍ എനിക്കിഷ്ടമുള്ളതുപോലെ ജീവിക്കും.
ഈ ലോകം മുഴുവനും
ഇഷ്ടമുള്ളതുപോലെ ജീവിക്കുന്നവരെക്കൊണ്ടു
നിറയട്ടെ.
രതിമൂര്‍ച്ഛയില്‍
അറിയാതെ ഞരങ്ങിപ്പോയി.
=====================================
അധ്യായം : നാല്‍പത്‌
എന്റെ ഭാഷ എന്താണ് ഒരിക്കല്‍ മരുഭൂമി കാറ്റിനോട് ചോദിച്ചു.
കാറ്റ് മണലില്‍ വെറുതെ ചിത്രങ്ങള്‍ വരച്ചതല്ലാതെ
മറുപടിയൊന്നും പറഞ്ഞില്ല.
സൂര്യനോടും
മഴയോടും
മഞ്ഞിനോടും
മരുഭൂമി ഇതേ ചോദ്യം ആവര്‍ത്തിച്ചു
നിറമില്ലാത്ത മണലിലൂടെ ഉഴറിനടക്കുന്ന
ഒട്ടകങ്ങളോടും
മൂക്കും മുലയും
ചെത്തിയ
ശൂര്‍പ്പണഖമാരെപ്പോലെയുള്ള
ഈന്തപ്പനകളോടും ചോദിച്ചു.
ഒടുവില്‍ കള്ളിച്ചെടിയാണ്
അത് പറഞ്ഞത്.
നിന്റെ ഭാഷ എന്റെ ഉള്ളിലെ ജലമാണ്.
കരയിപ്പിക്കാനും ചിരിപ്പിക്കാനും
കഴിവുള്ള
അലിവുള്ള
മേഘങ്ങള്‍ക്ക് വേണ്ടിയുള്ള
കാത്തിരിപ്പുകളാണ്

സാന്‍ഡ്‌ വിച്ച് - സിന്ധു മനോഹരന്‍
മാതൃഭൂമി ബുക്സ് , വില :നാല്പതു രൂപ

* നാട്ടുപച്ചയില്‍ വന്ന പോസ്റ്റ്‌

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

രവിയുടെ യാത്രകള്‍ (ഓര്‍മ്മയിലെ ഖസാക്ക് ..)

ആരംഭാവസാനങ്ങളിലാത്ത ഒരു യാത്രയുടെ വൈകിയൊരു സന്ധ്യയില്‍ രവി
കണ്ണു തുറന്നു.
വെളിയില്‍ നിലാവ് ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ പിച്ചവെച്ചു തുടങ്ങി.
വളരെ പരിചിതമായ ഇടം പോലെ രവിക്ക് തോന്നി.

പിന്നിട്ടു പോന്ന സ്ഥലകാലങ്ങളുടെ ബാക്കിപത്രത്തില്‍ എല്ലാവഴികളും, എല്ലാ യാത്രകളും, തുടങ്ങുന്നതും ഒടുങ്ങുന്നതും ഖസാക്കിലാണ്.തുടങ്ങിയ വഴികളെല്ലാം ഖസാക്കിലേക്ക് ചുരുങ്ങിയതോ അതോ ഖസാക്ക് എല്ലാ വഴികളിലേക്കും, ലോകത്തോളം വളര്‍ന്നു പ്രകാശിപ്പിക്കുന്നതോ.

അവസാന സ്റ്റോപ്പില്‍ ബസ്സിറങ്ങുന്നവരുടെ വീടിനെക്കുറിച്ചുള്ള തിരക്ക്
വരിവിട്ട ഉറുമ്പിന്‍ കൂട്ടങ്ങളുടെ ഓര്‍മ്മയിലെത്തിച്ചു.
ഇറങ്ങും മുന്‍പ് രവിയുടെ സീറ്റില്‍ രവിക്കും കറുത്ത തുണിയാല്‍ തന്‍റെ മുഖവും ശരീരവും മറച്ച തന്‍റെ അമ്മയ്ക്കും ഇടയിലിരുന്നിരുന്ന കുട്ടി വെളിക്കാഴ്ച്ചകള്‍ക്കൊപ്പം രവിയുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കി.
പേരില്ലാത്തൊരു മനുഷ്യനെ ,ഇടയ്ക്കമ്മ അമ്മ പറഞ്ഞു പഠിപ്പിച്ച പോലെ അമ്മാവനെ
ആദ്യം കാണുന്നതിന്റെ കൌതുകം ആ കണ്ണുകളുടെ തിളക്കം കൂട്ടി .
ഇടയിലെപ്പോഴാണവന്‍ ചോദിച്ചത് "മാമന്റെ പേരെന്താ ?"
ഒരു നിമിഷം രവി ചിന്തകളില്‍ മുങ്ങിത്തപ്പി.
എന്താവും തന്‍റെ പേര് .....
നക്ഷത്രക്കുട്ടന്,മോന്‍ ,മാഷ്‌ ......
ഇടത്താവളങ്ങളിലെ ഭാഷ വ്യതിയാനങ്ങള്‍ പോലെ
വിളിപ്പേരുകള്‍ മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
അല്ലെങ്കില്‍ തന്നെ , പേര് ചൊല്ലി ആരെങ്കിലും വിളിച്ചിട്ട് തന്നെ
കാലമേറെ കഴിഞ്ഞിരിക്കുന്നു .
ആരാവും ഒടുവില്‍ പേര് വിളിച്ചിരിക്കുക ....പദ്മ ?
ഒരു പക്ഷെ പിന്നിട്ടു പോന്ന വഴികളില്‍ ,കാലങ്ങളില്‍ ,തിരഞ്ഞു നടന്നതും ഒരു പേരു തന്നെയാവണം
ആത്മീയതുടെ ചെറുവഞ്ചിയില്‍ വായനയുടെ കഴയൂന്നി ഇത്രനാള്‍ തേടിയത് ഒരു പേരോ...
അതോ ഏതു പേരിനുമപ്പുറത്തുള്ള താനെന്ന തന്നെയോ .

കുട്ടിയുടെ ചോദ്യത്തില്‍ രവി ചിന്തയിലേക്കാണ്ട് പോകുമ്പോള്‍ അമ്പതോളം മണിക്കൂറുകളുടെ
യാത്രയ്ക്കിപ്പുറം,
പര്‍വതരാജന്‍റെ കാല്‍വിരലുകളില്‍ തലോടിയിരുന്ന ഗ്രാമഹൃദയത്തില്‍ ഇനിയും പേരില്ലാതൊരു
അക്ഷരമുറിയില്‍ നിന്ന് ആകാശത്തേക്ക് മിഴികള്‍ തുറന്നു വച്ചൊരു വിദൂരദര്‍ശിനിയില്‍ പുതിയൊരു
നക്ഷത്രത്തിളക്കം കണ്ടെടുത്ത ഏഴുവയസുകാരന്‍ ഉള്ളില്‍ നിറഞ്ഞ സന്തോഷക്കാറ്റില്‍ അകാരണമായി ആണയിട്ടു "ബാബുജി..."
ഒഴിഞ്ഞു കിടക്കുന്ന ബാബുജിയുടെ മുറി അവനെ നിശബ്ദനാക്കി....
ബസ്സില്‍ നിന്ന് പുറത്തേക്കിറങ്ങിയ രവിയുടെ അര്‍ദ്ധനഗ്നശരീരത്തില്‍ തൊട്ടൊരു കാറ്റ് കര്‍മ്മബന്ധങ്ങളുടെ കടംകഥയ്ക്കുത്തരം തേടി .
മഴക്കണ്ണീര്‍ സുഷിരങ്ങള്‍ വീഴ്ത്തിയ പാതയുടെ കറുത്ത കമ്പിളിപ്പുതപ്പിന് മീതെ സ്ഥാനം തെറ്റിക്കിടന്ന ചെറു കല്ലുകള്‍ വലിച്ചു വെച്ച രവിയുടെ കാലടികളുടെ നഗ്നതയില്‍ ഉമ്മവെച്ച് ഇക്കിളിയുണര്‍ത്തി.
കാത്തിരിപ്പില്‍ ശയ്യാവലംബിയായിപ്പോയ ഏതോ പൂമുഖത്തെത്തിയ കാറ്റ് പൂര്‍വ ജന്മകര്‍മബന്ധങ്ങളുടെ കടംകഥക്കുത്തരം കാത്ത് ചുറ്റിത്തിരിഞ്ഞു കൊണ്ടേയിരുന്നു ‍