2009, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

അമൃതാകുന്ന വിഷംകഴുത്തില്‍ അമര്‍ന്ന കൈമുറുകിയത് വളരെ പെട്ടന്നാണ്.തുറിച്ച് വെളിയിലേക്ക് വന്ന കണ്ണുകള്‍ക്ക്‌ മുന്നില്‍ ഒരു പാടപോലെ മിഴിനീര്‍ ‍ .... കാഴ്ചയെ മറക്കും പോലെ .
ഒന്നു മുറുക്കിയടക്കാന്‍ കണ്‍പോളകില്ലയെന്നത് ഒരു നിമിഷം മറന്നു പോയി.എന്തിനാവും ഞങ്ങളെ കണ്‍പോളകളില്ലാതെ ഇങ്ങനെ ഈശ്വരന്‍ സൃഷ്ടിച്ചത് .സ്വതവേ കാഴ്ച്ചകള്‍ തെളിച്ചവും ഇരുട്ടും മാത്രമായി ഒതുക്കപ്പെട്ടിരിക്കുന്നു.രണ്ടിനുമിടക്കുള്ള ഒന്നും വ്യക്തമാകാറില്ല ;പണ്ട് മുതല്‍ക്കേ ...

ആരാണ് ശത്രുവെന്നറിയാനാണ് അറിയാതെ പ്രാണവേദനയില്‍ തുറന്നു പോയ വായിലൂടെ നാക്ക് വെളിയിലേക്കിട്ടത്‌;കാണാന്‍ കഴിഞ്ഞില്ലെങ്കിലും മണമെങ്കിലും.....മണം കൊണ്ടാണറിഞ്ഞത്;പണത്തോടുള്ള ദുരമൂത്ത ഇരുകാലിയെ; അവന്റെ ബലിഷ്ടമായ കരങ്ങളെ ....
ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നത് കൊണ്ടാണ്,വിളക്കുവയ്കാനല്ലാതെ ആരും വരാറില്ലാത്ത സര്‍പ്പക്കാവിലെ വിളക്കിനടുത്തുള്ള ചാരത്തിനുള്ളില്‍ മുഖം പൂഴ്ത്തി കിടന്നത്.പണ്ടൊക്കെ മരച്ചില്ലകള്‍ക്കിടയിലൂടെ മഴത്തുള്ളികള്‍ താഴേക്ക്‌ വരാറേ ഇല്ലായിരുന്നു. ഇപ്പോ മരത്തിന്റെ തണലുപോലും കുറഞ്ഞിരിക്കുന്നു.വെട്ടി മാറ്റിയ മരത്തിന്റെ കുറ്റികള്‍ മാത്രമാണ് എല്ലായിടത്തും.കടുത്ത വേനല്‍ കാവിലെ ഇരുട്ടിനെ കീഴടക്കി തുടങ്ങിയിരിക്കുന്നുണ്ട്‍.ഈയ്യിടെ പഴയ പോലെ കൂട്ടുകൂടാന്‍ ചങ്ങാതിമാരെയും കാണാറില്ല ;എല്ലാവരും എവിടെ പോയോ ആവോ ....ശരീരത്തിനൊരു ചെറിയ തണുപ്പ് തോന്നിയതിന്റെ സുഖത്തിലായിരുന്നു,ഒപ്പം രണ്ടാഴചയായി ഒന്നും കഴിക്കാതെ കിടന്നതിന്റെ ആലസ്യത്തിലും .കുറെ ദിവസമായി ശരീരം മുഴുവന്‍ വല്ലാത്ത ചൊറിച്ചില്‍ തോന്നിതുടങ്ങിയിരുന്നു.കല്ലുകള്‍ക്കും മരക്കുറ്റികള്‍ക്കുമിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നൂണ്ടു കടക്കുന്നതിടയിലാണ് മഴ ചാറ്റല്‍ വന്നത് .പെട്ടന്ന് വേദന മറന്നു ചാരത്തിനിടയിലേക്ക് നൂണ്ടു.
നനഞ്ഞ കരിയിലയിലൂടെയുള്ള കാലടികള്‍ പെട്ടന്നറിഞ്ഞില്ല; അടുത്തു വന്നപ്പോഴേക്കും പിടഞ്ഞു മുന്നോട്ടു കുതിക്കാനൊരു ശ്രമം ....പാളിപ്പോയെന്നരിഞ്ഞപ്പോഴേക്കും ലോഹക്കുരുക്ക് ശരീരത്തോടമറന്നിരുന്നു പെട്ടന്നുള്ള തിരിച്ചിലിനിടയില്‍ കഴുത്തില്‍ തന്നെ പിടിത്തവും വീണു.പെട്ടന്ന് തിരിഞ്ഞു ഒന്നു ചീറ്റാനുള്ള ശ്രമം ; വെറുതെ ..ശത്രു ഭയന്നില്ലെന്നു പിടി മുറുകുന്നതില്‍ നിന്നും തിരിച്ചറിഞ്ഞു .കുതറുന്നത്തിനിടയില്‍ വാലൊന്നു ചുഴറ്റിനോക്കി ...എല്ലാം വെറുതെ..
കഴുത്തിലെ പിടി മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുന്ന പോലെ .പെട്ടന്നുള്ള അവ്യക്തതയില്‍ ഒരു പ്രാര്‍ത്ഥന പോലെ ...തെളിഞ്ഞു വരുന്ന മുഖങ്ങളില്‍ ആയിരം തലകളാല്‍ പ്രപഞ്ചത്തെ താങ്ങി ആയിരം നാവാല്‍ വിഷുവിനെ സ്തുതിക്കുന്ന ആദി ശേഷന്‍ ,മന്ഥര പര്‍വതം മത്തായി മാറുമ്പോള്‍ പാലാഴി മഥനം നടത്തുന്ന വാസുകി ....കൃഷ്ണന്റെ വീരഗാഥകള്‍ക്കായി മര്‍ദ്ദനമേല്ക്കുന്ന കാളിയന്‍....പിന്നെയുമുണ്ട് എല്ലാ വിഷത്തെയും ഹരിക്കാന്‍ മാനസ........ഇതൊന്നുമല്ലാത്ത ഈ പാഴ്ജന്മത്തോടീവിധം.... ഒന്നും ..മനസിലാകുന്നില്ല .

തുറന്നു പോയ വായിലേക്ക് എന്തോ കടന്നു വരുന്നത് വെപ്രാളത്തിനിടയിലും തിരിച്ചറിഞ്ഞു.വര്‍ധിച്ച വീര്യത്തോടെ ,ഒരവസാന വഴിയെന്ന് തോന്നിയാണു ആഞ്ഞു കടിച്ചത് .ബാക്കി വന്ന സര്‍വശക്തിയും കടിയില്‍ ഒന്നുചേര്‍ന്നു .പല്ല് തിരിച്ചെടുക്കുമ്പോഴാണ്‌ തിരിച്ചറിഞ്ഞത് വിഷസഞ്ചി കാലിയായിരിക്കുന്നു.കഴുത്തിലെ പിടി ഒന്നയഞ്ഞുവെന്നു മനസിലായതിനോപ്പമാണ് അവ്യകതമാനെന്കിലും ഈട്ടത്‌ .
"രണ്ടര ഗ്രാമോളമുണ്ട് ...ഒരു നാല് കുപ്പിയില്‍ ചേര്‍ക്കാമെന്നു തോന്നുന്നു.."
"അപ്പൊ ഇതിനെ ഇനിയെന്തു ചെയ്യാനാണ്?" മറ്റൊരു ശബ്ദം.ഒന്നിലധികം ആളുണ്ടെന്നു മനസിലായതിപ്പോഴാണ്.
"വേറെന്തു ചെയ്യാന്‍...ആ കൂടയിലാക്കു ......നാളെത്തെ പാര്‍സലില്‍ കയറ്റി അയക്കാം ....ഈ ഇനത്തിനു നല്ല ഡിമാന്റാണ് ...ഇതിന്റെ ചോര സായിപ്പിന്റെ സെക്സ് കൂട്ടുമത്രേ ...."
ഇപ്പോള്‍ രണ്ടു പേരും ചിരിക്കുന്നുണ്ട് .കൂടയിലേക്ക് വീഴുന്നതും മൂടി അടഞ്ഞതും പെട്ടന്ന് .....
യാത്ര തുടങ്ങിയിട്ടിപ്പോ എത്ര നേരമായെന്നറിയില്ല ...
വെളിച്ചം കണ്ടിട്ട് സമയമേറെയായിരിക്കുന്നു .....
ലക്‌ഷ്യം അറിയാത്ത ഈ യാത്ര എപ്പോള്‍ തീരുമോ ആവൊ ?
------------------------------------------------------------------------വാര്‍ത്തയില്‍ പാമ്പുവിഷകടത്തിനെ കുറിച്ച്