2010, മാർച്ച് 17, ബുധനാഴ്‌ച

രവിയുടെ യാത്രകള്‍

ആരംഭാവസാനങ്ങളിലാത്ത ഒരു യാത്രയുടെ വൈകിയൊരു സന്ധ്യയില്‍
രവി കണ്ണു തുറന്നു.
വെളിയില്‍ നിലാവ് ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ പിച്ചവെച്ചു തുടങ്ങി.
വളരെ പരിചിതമായ ഇടം പോലെ രവിക്ക് തോന്നി.

പിന്നിട്ടു പോന്ന സ്ഥലകാലങ്ങളുടെ ബാക്കിപത്രത്തില്‍ എല്ലാവഴികളും, എല്ലാ യാത്രകളും, തുടങ്ങുന്നതും ഒടുങ്ങുന്നതും ഖസാക്കിലാണ്.തുടങ്ങിയ വഴികളെല്ലാം ഖസാക്കിലേക്ക് ചുരുങ്ങിയതോ അതോ ഖസാക്ക് എല്ലാ വഴികളിലേക്കും, ലോകത്തോളം വളര്‍ന്നു പ്രകാശിപ്പിക്കുന്നതോ.

അവസാന സ്റ്റോപ്പില്‍ ബസ്സിറങ്ങുന്നവരുടെ വീടിനെക്കുറിച്ചുള്ള തിരക്ക്
വരിവിട്ട ഉറുമ്പിന്‍ കൂട്ടങ്ങളുടെ ഓര്‍മ്മയിലെത്തിച്ചു.

ഇറങ്ങും മുന്‍പ് രവിയുടെ സീറ്റില്‍ രവിക്കും കറുത്ത തുണിയാല്‍ തന്‍റെ മുഖവും ശരീരവും മറച്ച തന്‍റെ അമ്മയ്ക്കും ഇടയിലിരുന്നിരുന്ന കുട്ടി വെളിക്കാഴ്ച്ചകള്‍ക്കൊപ്പം രവിയുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കി.
പേരില്ലാത്തൊരു മനുഷ്യനെ ,ഇടയ്ക്കമ്മ അമ്മ പറഞ്ഞു പഠിപ്പിച്ച പോലെ അമ്മാവനെ

ആദ്യം കാണുന്നതിന്റെ കൌതുകം ആ കണ്ണുകളുടെ തിളക്കം കൂട്ടി .
ഇടയിലെപ്പോഴാണവന്‍ ചോദിച്ചത് "മാമന്റെ പേരെന്താ ?"
ഒരു നിമിഷം രവി ചിന്തകളില്‍ മുങ്ങിത്തപ്പി.
എന്താവും തന്‍റെ പേര് .....
നക്ഷത്രക്കുട്ടന്,മോന്‍ ,മാഷ്‌ ......

ഇടത്താവളങ്ങളിലെ ഭാഷ വ്യതിയാനങ്ങള്‍ പോലെ
വിളിപ്പേരുകള്‍ മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
അല്ലെങ്കില്‍ തന്നെ , പേര് ചൊല്ലി ആരെങ്കിലും വിളിച്ചിട്ട് തന്നെ
കാലമേറെ കഴിഞ്ഞിരിക്കുന്നു .
ആരാവും ഒടുവില്‍ പേര് വിളിച്ചിരിക്കുക ....പദ്മ ?

ഒരു പക്ഷെ പിന്നിട്ടു പോന്ന വഴികളില്‍ ,കാലങ്ങളില്‍ ,തിരഞ്ഞു നടന്നതും ഒരു പേരു തന്നെയാവണം
ആത്മീയതുടെ ചെറുവഞ്ചിയില്‍ വായനയുടെ കഴയൂന്നി ഇത്രനാള്‍ തേടിയത് ഒരു പേരോ...
അതോ ഏതു പേരിനുമപ്പുറത്തുള്ള താനെന്ന തന്നെയോ .

കുട്ടിയുടെ ചോദ്യത്തില്‍ രവി ചിന്തയിലേക്കാണ്ട് പോകുമ്പോള്‍ അമ്പതോളം മണിക്കൂറുകളുടെ
യാത്രയ്ക്കിപ്പുറം,

പര്‍വതരാജന്‍റെ കാല്‍വിരലുകളില്‍ തലോടിയിരുന്ന ഗ്രാമഹൃദയത്തില്‍ ഇനിയും പേരില്ലാതൊരു
അക്ഷരമുറിയില്‍ നിന്ന് ആകാശത്തേക്ക് മിഴികള്‍ തുറന്നു വച്ചൊരു വിദൂരദര്‍ശിനിയില്‍ പുതിയൊരു
നക്ഷത്രത്തിളക്കം കണ്ടെടുത്ത ഏഴുവയസുകാരന്‍ ഉള്ളില്‍ നിറഞ്ഞ സന്തോഷക്കാറ്റില്‍ അകാരണമായി ആണയിട്ടു "ബാബുജി..."
ഒഴിഞ്ഞു കിടക്കുന്ന ബാബുജിയുടെ മുറി അവനെ നിശബ്ദനാക്കി....

ബസ്സില്‍ നിന്ന് പുറത്തേക്കിറങ്ങിയ രവിയുടെ അര്‍ദ്ധനഗ്നശരീരത്തില്‍ തൊട്ടൊരു കാറ്റ് കര്‍മ്മബന്ധങ്ങളുടെ കടംകഥയ്ക്കുത്തരം തേടി .

മഴക്കണ്ണീര്‍ സുഷിരങ്ങള്‍ വീഴ്ത്തിയ പാതയുടെ കറുത്ത കമ്പിളിപ്പുതപ്പിന് മീതെ സ്ഥാനം തെറ്റിക്കിടന്ന ചെറു കല്ലുകള്‍ വലിച്ചു വെച്ച രവിയുടെ കാലടികളുടെ നഗ്നതയില്‍ ഉമ്മവെച്ച് ഇക്കിളിയുണര്‍ത്തി.
കാത്തിരിപ്പില്‍ ശയ്യാവലംബിയായിപ്പോയ ഏതോ പൂമുഖത്തെത്തിയ കാറ്റ് പൂര്‍വ ജന്മകര്‍മബന്ധങ്ങളുടെ കടംകഥക്കുത്തരം കാത്ത് ചുറ്റിത്തിരിഞ്ഞു കൊണ്ടേയിരുന്നു ‍

1 അഭിപ്രായം: